National
ന്യൂഡൽഹി: കേന്ദ്ര ബജറ്റിനെ വിമർശിച്ച് ബിഎംഎസ്. തൊഴിലാളികളെ നിരാശപ്പെടുത്തിയ ബജറ്റാണിതെന്നും തൊഴിലാളികളുടെ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ ബജറ്റ് പരാജയപ്പെട്ടുവെന്നും ബിഎംഎസ് ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.
പ്രഖ്യാപിച്ച പല പദ്ധതികളും തൊഴിലുകൾ സൃഷ്ടിക്കുന്നുണ്ടാകാം. പക്ഷേ മതിയായ വേതനവും സുരക്ഷിതത്വവുമില്ലാതെ ജോലി സമഗ്ര വികസനം കൊണ്ടുവരില്ല. പ്രധാന തൊഴിൽ വിഷയങ്ങളിൽ കടുത്ത അതൃപ്തിയുണ്ടെന്നും ബിഎംഎസ് വ്യക്തമാക്കി. അങ്കണവാടി, ആശാ വർക്കർമാരുടെ വേതനം വർധിപ്പിക്കാത്തത് നിരാശാജനകമാണ്.
സ്ത്രീ തൊഴിലാളികളോടുള്ള ഗുരുതരമായ അവഗണനയാണ് ഇത്. 50 വർഷമായി തുടരുന്ന ക്ഷേമ പദ്ധതിയെ ക്ഷേമപദ്ധതിയെന്ന് വിളിക്കാനാകില്ലെന്നും ബിഎംഎസ് കുറ്റപ്പെടുത്തി. തുച്ഛമായ പെൻഷനിൽ ജീവിക്കുന്ന വിരമിച്ച തൊഴിലാളികളോടുള്ള അവഗണന അംഗീകരിക്കാനാകില്ലെന്നും പ്രസ്താവനയിൽ പറയുന്നു.
Sports
ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ കായിക മേഖലയ്ക്കും വമ്പൻ പ്രഖ്യാപനങ്ങളാണുള്ളത്. ഇന്ത്യയെ ലോകത്തിലെ കായിക ശക്തിയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ‘ഖേലോ ഇന്ത്യ മിഷൻ’ കൂടുതൽ കരുത്തോടെ ആരംഭിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.
2036-ലെ ഒളിമ്പിക്സ് ഇന്ത്യയിൽ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ ഗ്രാസ്റൂട്ട് തലം മുതൽ ആരംഭിക്കുക. കായിക ഉപകരണങ്ങളുടെ നിർമാണം, സ്പോർട്സ് സയൻസ്, ഗവേഷണം എന്നിവയിൽ ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. കായിക മന്ത്രാലയത്തിനുള്ള വിഹിതം ഏകദേശം 3,794 കോടി രൂപയായി ഉയർത്തി. ഇതിൽ 1,000 കോടി രൂപ ഖേലോ ഇന്ത്യ പദ്ധതിക്ക് മാത്രമായി നീക്കിവച്ചു.
സാംസ്കാരിക രംഗത്തിന് വേണ്ടിയും പ്രഖ്യാപനങ്ങളുണ്ട്. സാംസ്കാരിക ടൂറിസം പ്രാത്സാഹിപ്പിക്കും. സാരനാഥ്, ഹസ്തിനാപുരം ഉൾപ്പെടെ ഇന്ത്യയിലെ 15 പുരാവസ്തു/പൈതൃക കേന്ദ്രങ്ങളെ ലോകോത്തര വിനോദസഞ്ചാര കേന്ദ്രങ്ങളായി വികസിപ്പിക്കും. ഉത്തർപ്രദേശിലെ സാരനാഥ്, ഹസ്തിനാപുരം എന്നിവയെ ‘വൈബ്രന്റ് കൾച്ചറൽ ഡെസ്റ്റിനേഷനുകൾ’ ആക്കി മാറ്റും. ഇത് പ്രാദേശിക ടൂറിസത്തിന് വൻ കുതിപ്പ് നൽകും.
മൂന്നിടങ്ങളിൽ അന്താരാഷ്ട്ര ട്രക്കിങ് കേന്ദ്രങ്ങള്‍ തുടങ്ങും. ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും ജമ്മുകാഷ്മീരിലും ആണ് അന്താരാഷ്ര ട്രക്കിംഗ് കേന്ദ്രങ്ങൾ ആരംഭിക്കുന്നത്.
National
ന്യൂഡൽഹി: കാർഷിക രംഗത്തിനും വമ്പൻ പ്രഖ്യാപനങ്ങളാണ് കേന്ദ്ര ബജറ്റിലുള്ളത്. കര്‍ഷകര്‍ക്കായി ഭാരത് വിസ്താർ സ്ഥാപിക്കും. ലിംഗ്വൽ അഗ്രികൾച്ചറൽ പോർട്ടൽ ലിങ്ക്ഡ് സ്റ്റാക്ക്. കർഷകർക്ക് ഉൽപാദനം വർദ്ധിപ്പിക്കാനടക്കം സഹായം പ്രഖ്യാപിച്ചു.
നാളികേര കൃഷിക്ക് വേണ്ടിയും പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു. കോക്കനട്ട് പ്രോമോഷൻ സ്കീം ആണ് വരുന്നത്. ഇതിലൂടെ ഒരു കോടിയോളം കര്‍ഷകര്‍ക്ക് ഗുണമുണ്ടാകും. പ്രധാന ഉത്പാദനം നടക്കുന്ന സംസ്ഥാനങ്ങളിൽ ഉത്പാദനമില്ലാത്ത തെങ്ങുകൾ മാറ്റി പുതിയത് നടാൻ പ്രോത്സാഹനം നൽകും.
ഇന്ത്യൻ കശുവണ്ടിയും തേങ്ങയും ആഗോള നിലവാരത്തിലേക്ക് ഉയർത്താൻ സഹായം. ചന്ദനമരങ്ങളുടെ കൃഷിക്കും സംസ്ക്കരണത്തിനുമായി സംസ്ഥാനങ്ങളുമായി കൈകോര്‍ക്കും.
National
ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ ആരോഗ്യ രംഗത്തിനും വമ്പൻ പ്രഖ്യാപനങ്ങൾ. മെഡിക്കൽ ടൂറിസത്തിനായി സ്വകാര്യമേഖലയുമായി സഹകരിച്ച് പദ്ധതി പ്രഖ്യാപിച്ചു.
അഞ്ച് മേഖല മെഡിക്കൽ ഹബുകൾ വരും. ഹബുകളിൽ തൊഴിലവസരങ്ങളുടെയും കേന്ദ്രമാകുമെന്നും കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ചു.
ആയുർവേദത്തെ പ്രോത്സാഹിപ്പിക്കാനും പദ്ധതികൾ പ്രഖ്യാപിച്ചു. മരുന്ന് ചെടികൾ വളർത്തുന്നവർക്കും സംസ്ക്കരിക്കുന്നവർക്കും സഹായപദ്ധതി.
മൂന്ന് പുതിയ അഖിലേന്ത്യ ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും. ആയുഷ് ഫാർമസികളുടെ നിലവാരം ഉയർത്തും. ഗവേഷണത്തിനും പരിശോധനകൾക്കും കൂടുതൽ പ്രഫഷണലുകളെ നിയോഗിക്കും.
National
ന്യൂഡൽഹി: മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ മൂന്നാം ബജറ്റ് അവതരണം ആരംഭിച്ചു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ രാവിലെ 11ന് തന്നെ ബജറ്റ് അവതരണം തുടങ്ങി. തുടർച്ചയായ ഒമ്പതാം ബജറ്റാണ് നിർമല സീതാരാമൻ അവതരിപ്പിക്കുന്നത്.
രാജ്യത്തിന്റേത് സ്ഥിരതയുള്ള വളര്‍ച്ചയാണെന്ന് പറഞ്ഞാണ് കേന്ദ്ര ധനമന്ത്രി ബജറ്റ് ആരംഭിച്ചത്. സമ്പദ് വ്യവസ്ഥയെ പിടിച്ചു നിര്‍ത്താനുള്ള ക്രിയാത്മക നടപടികള്‍ മോദി സര്‍ക്കാര്‍ സ്വീകരിച്ചുവെന്നും നിർമല പറഞ്ഞു. ഏഴു ശതമാനം വളര്‍ച്ച ദാരിദ്ര്യ നിര്‍മാര്‍ജനത്തിലടക്കം വലിയ പങ്കുവഹിച്ചുവെന്നും നിർമല അവകാശപ്പെട്ടു.
ഇത് യുവശക്തി ബജറ്റാണെന്നും നിർമല സീതാരാമൻ പറഞ്ഞു. കര്‍ത്തവ്യപഥിൽ തയ്യാറാക്കിയ ആദ്യ ബജറ്റാണെന്നും ഉത്പാദനം വര്‍ധിപ്പിച്ച് സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുകയാണ് ഈ ബജറ്റിന്റെ ആദ്യ കര്‍ത്തവ്യമെന്നും ധനമന്ത്രി വ്യക്തമാക്കി.
എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികസനമാണ് ഈ ബജറ്റിന്റെ കര്‍ത്തവ്യമെന്നും ധനമന്ത്രി പറഞ്ഞു. തൊഴിൽ അവസരങ്ങൾ വർധിപ്പിച്ചുവെന്നും ലേബർ കോഡ് അടക്കം 300ലധികം പരിഷ്കാരങ്ങൾ നടപ്പാക്കിയെന്നും നിർമല സീതാരാമൻ പറഞ്ഞു. ആഭ്യന്തര ഉത്പാദനവും തൊഴിലവസരവും വർധിച്ചുവെന്നും ധനമന്ത്രി പറഞ്ഞു.
National
ന്യൂഡൽഹി: കേന്ദ്രബജറ്റ് അവതരിപ്പിക്കുന്നതിനു മുന്നോടിയായി രാഷ്ട്രപതിയെ കണ്ട് ധനമന്ത്രി നിർമല സീതാരാമൻ. ധനമന്ത്രാലയ സഹമന്ത്രി പങ്കജ് ചൗധരി, മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. വി. അനന്ത നാഗേശ്വരൻ, സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി) ചെയർമാൻ രവി അഗ്രവാൾ ഉൾപ്പെടെയുള്ളവർ ധനമന്ത്രിക്കൊപ്പമുണ്ട്.
ഇന്ന് രാവിലെ 11നാണ് ബജറ്റ് അവതരിപ്പിക്കുന്നത്. നിർമലയുടെ ഒൻപതാമത് ബജറ്റവതരണമാണ് ഇത്തവണ. ബജറ്റ് കണക്കിലെടുത്ത് ഓഹരിവിപണികൾ ഞായറാഴ്ചയും പ്രവർത്തിക്കും. പതിവിൽനിന്ന് വ്യത്യസ്തമായി വലിയ പരിഷ്കാരങ്ങൾ ഇത്തവണത്തെ ബജറ്റ് അവതരണത്തിൽ ഉണ്ടാകുമെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.
National
ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമന്റെ ഒന്‍പതാമത്തെ ബജറ്റ് അവതരണം ലോക്സഭയിൽ ഇന്നു രാവിലെ 11ന് ആരംഭിക്കും. ചരിത്രത്തിൽ ആദ്യമായാണു ഞായറാഴ്ച കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്.
സാന്പത്തികവളർച്ചയും വികസനവും ഉറപ്പാക്കാനും ധനക്കമ്മി കുറയ്ക്കാനും ബജറ്റ് ലക്ഷ്യമിടും. ശന്പളക്കാർ അടക്കമുള്ള മധ്യവർഗത്തെ സന്തോഷിപ്പിക്കാനും ആദിവാസി, പിന്നാക്ക, ന്യൂനപക്ഷ ക്ഷേമത്തിനുള്ള പദ്ധതികൾക്കും നിർമല ശ്രമിച്ചേക്കും.
ദീർഘകാല ആസ്തികൾ സൃഷ്ടിക്കുന്നതിന് മൂലധനച്ചെലവിനു മുൻഗണന നൽകുന്നതാകും ഇത്തവണത്തെ പൊതുബജറ്റ് എന്നാണു പ്രതീക്ഷ. നിർമിതബുദ്ധി (എഐ) പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേക പദ്ധതി പ്രഖ്യാപിച്ചേക്കും.
കേരളം, തമിഴ്നാട്, പഞ്ചിമബംഗാൾ, ആസാം, പുതുച്ചേരി സംസ്ഥാന നിയമസഭകളിലേക്കു നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണു കരുതുന്നത്. എയിംസ്, അതിവേഗ റെയിൽപാത അടക്കമുള്ള പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിക്കുകയും തുക വകയിരുത്തുകയും ചെയ്യുമെന്ന പ്രതീക്ഷയിലാണു കേരളം. റബർ, നെല്ല്, മത്സ്യകർഷകർക്കായുള്ള പ്രത്യേക പ്രോത്സാഹന, സഹായ പദ്ധതികളും ടൂറിസം വികസനം അടക്കമുള്ള കേരളത്തിന്റെ മേഖലകൾക്ക് കൂടുതൽ വിഹിതവും ലഭിക്കേണ്ടതുണ്ട്. കേരളത്തിലെ റെയിൽവേ വികസനത്തിനും ഇതര കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്കുമുള്ള വിഹിതം വർധിപ്പിക്കുമെന്നും പ്രതീക്ഷയുണ്ട്.
യൂറോപ്യൻ യൂണിയനുമായി ഒപ്പുവച്ച സ്വതന്ത്ര വ്യാപാരക്കരാറിന്റെ നേട്ടങ്ങൾ ഉറപ്പാക്കാനുള്ള ചില പ്രോത്സാഹനങ്ങളും പ്രതീക്ഷിക്കുന്നു. അമേരിക്ക ഏർപ്പെടുത്തിയ 50 ശതമാനം തീരുവയെ നേരിടാൻ മറ്റു രാജ്യങ്ങളിലേക്കുള്ള കയറ്റുമതി പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.
ആഗോള സംഘർഷങ്ങളുടെയും പാക്കിസ്ഥാനും ബംഗ്ലാദേശും ഉയർത്തുന്ന വെല്ലുവിളികളുടെയും പശ്ചാത്തലത്തിൽ പ്രതിരോധച്ചെലവുകൾ വീണ്ടും കൂട്ടിയേക്കും.
Business
കേന്ദ്ര ബജറ്റ് ദിവസം പാർലമെന്റിലെ അക്കങ്ങളേക്കാൾ മാധ്യമങ്ങൾ ആദ്യം തിരയുന്നത് മറ്റൊരു കാര്യമാണ്; ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് ഏതു സാരിയാകും ധരിക്കുക? ഓരോ ബജറ്റ് അവതരണത്തിലും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലെ തനതായ കൈത്തറി വൈവിധ്യങ്ങളെ നെഞ്ചോടു ചേർത്താണ് അവർ സഭയിലെത്തുന്നത്. വെറുമൊരു വസ്ത്രധാരണമെന്നതിലുപരി, ഇന്ത്യയുടെ ഗ്രാമീണ നെയ്ത്തുകാരുടെ കലയെ ആഗോളതലത്തിൽ അടയാളപ്പെടുത്താനുള്ള ഒരു വേദി കൂടിയായി അവർ ബജറ്റ് ദിനത്തെ മാറ്റുന്നു. ചിലപ്പോൾ ബജറ്റ് സൂചനകളും അടയാളപ്പെടുത്തുന്നു
ബജറ്റ് ദിവസങ്ങളിൽ നിർമല സീതാരാമൻ ധരിച്ച സാരിയുടെ വിശേഷങ്ങൾ ഇങ്ങനെ:
കേന്ദ്ര ബജറ്റ് 2019: പിങ്ക് മംഗൾഗിരിയിലെ ചരിത്രപ്രവേശനം.
2019ൽ തന്റെ ആദ്യ കേന്ദ്ര ബജറ്റ് അവതരണത്തിനായി ധനമന്ത്രി തിരഞ്ഞെടുത്തത് സ്വർണ ബോർഡറുള്ള കടും പിങ്ക് നിറത്തിലുള്ള മംഗൾഗിരി സാരിയായിരുന്നു.
കേന്ദ്ര ബജറ്റ് 2020: മഞ്ഞ സിൽക്ക് സാരി
2020ലെ ബജറ്റിനായി തിരഞ്ഞെടുത്തത് നീല ബോർഡറുള്ള മഞ്ഞ സിൽക്ക് സാരിയായിരുന്നു. ഇന്ത്യൻ സംസ്കാരത്തിൽ വളരെയധികം പ്രാധാന്യമുള്ള നിറങ്ങളുടെ സംയോജനമാണിത്.
കേന്ദ്ര ബജറ്റ് 2021: തെലങ്കാനയിലെ പോച്ചമ്പള്ളി ഇക്കാത്ത് തുന്നലുകൾ
2021ൽ തെലങ്കാനയിലെ പരമ്പരാഗത കൈത്തറി നിർമിതിയായ പോച്ചമ്പള്ളി ഇക്കാത്ത് സാരിയാണ് തിരഞ്ഞെടുത്തത്.
കേന്ദ്ര ബജറ്റ് 2022: ഒഡീഷയുടെ കൈത്തറി വൈഭവം
2022ൽ ഒഡീഷയിൽനിന്നുള്ള മനോഹരമായ തവിട്ടുനിറത്തിലുള്ള ബോംകായ് സാരിയാണ് അവർ ധരിച്ചത്. വെള്ളി കസവുകളും ബോർഡറിൽ സങ്കീർണമായ രൂപങ്ങളുമുള്ളതായിരുന്നു ഈ സാരി.
കേന്ദ്ര ബജറ്റ് 2023: ചുവന്ന സിൽക്കും ക്ഷേത്രരൂപങ്ങളും (ദക്ഷിണേന്ത്യൻ വസ്ത്രശൈലി)
2023ൽ കറുപ്പും സ്വർണനിറവും കലർന്ന 'ടെമ്പിൾ ബോർഡർ' (ക്ഷേത്രരൂപങ്ങൾ) ഉള്ള കടും ചുവപ്പ് സിൽക്ക് സാരിയിലാണ് സീതാരാമൻ എത്തിയത്. ഇത് ദക്ഷിണേന്ത്യൻ വസ്ത്രശൈലിയുടെ ഒരു പ്രത്യേകതയാണ്.
ഇടക്കാല ബജറ്റ് 2024:
പശ്ചിമ ബംഗാളിലെ പരമ്പരാഗത കാന്താ എംബ്രോയ്ഡറി ചെയ്ത നീല സാരിയാണ് 2024 ഫെബ്രുവരിയിലെ ഇടക്കാല ബജറ്റിനായി ധനമന്ത്രി തിരഞ്ഞെടുത്തത്.
കേന്ദ്ര ബജറ്റ് 2024: മംഗൾഗിരി സാരി
2024-25 ബജറ്റിനായി മജന്ത ബോർഡറുള്ള ഓഫ് വൈറ്റ് മംഗൾഗിരി സാരിയാണ് അവർ തെരഞ്ഞെടുത്തത്. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽനിന്നുള്ളതാണ് ഈ മംഗൾഗിരി സാരികൾ.
മായ
കേന്ദ്ര ബജറ്റ് 2025: ബിഹാറിൽനിന്നുള്ള മധുബാനി സാരി
ബിഹാറിലെ മധുബാനി എംബ്രോയ്ഡറി ഉൾപ്പെടുത്തിയതും സ്വർണബോർഡറുള്ളതുമായ സാരിയാണ് 2025ൽ ധരിച്ചത്.
Business
ഇന്ത്യൻ സാമ്പത്തിക രംഗം ആകാംക്ഷയോടെ കാത്തിരിക്കുന്ന 2026ലെ കേന്ദ്ര ബജറ്റ് ഞായറാഴ്ച അവതരിപ്പിക്കുമ്പോൾ ധനമന്ത്രി നിർമല സീതാരാമനെ കാത്തിരിക്കുന്നത് അപൂർവമായ നേട്ടങ്ങൾ. ഇന്ത്യൻ ബജറ്റ് ചരിത്രത്തിലെ ചില കൗതുകങ്ങളും റിക്കാർഡുകളും ഇങ്ങനെ.
1. ചരിത്രപരമായ ഒമ്പതാം ബജറ്റ്
2019ൽ ധനമന്ത്രിയായി ചുമതലയേറ്റ നിർമല സീതാരാമൻ, നാളെ അവതരിപ്പിക്കുന്നത് തന്റെ ഒമ്പതാമത്തെ ബജറ്റാണ്. ഇന്ത്യയുടെ ചരിത്രത്തിൽ ഇത്രയധികം തവണ തുടർച്ചയായി ബജറ്റ് അവതരിപ്പിച്ച ഏക ധനമന്ത്രി എന്ന റിക്കാർഡ് ഇതോടെ നിർമല സീതാരാമനു സ്വന്തമാകും. മുൻ പ്രധാനമന്ത്രി മൊറാർജി ദേശായി 10 തവണ ബജറ്റ് അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അതു തുടർച്ചയായിട്ടായിരുന്നില്ല. എന്നാൽ, തുടർച്ചയായി ഇത്രയധികം തവണ ബജറ്റ് അവതരിപ്പിച്ച ഏക ധനമന്ത്രി എന്ന ബഹുമതി ഇതോടെ അവർക്കു സ്വന്തമാകും.
2. ആദ്യ പൂർണസമയ വനിതാ ധനമന്ത്രി
ഇന്ത്യൻ ബജറ്റ് അവതരണത്തിൽ വനിതാ സാന്നിധ്യം നേരത്തെയും ഉണ്ടായിട്ടുണ്ട്. 1970ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ധനമന്ത്രാലയത്തിന്റെ അധിക ചുമതല വഹിക്കുകയും ബജറ്റ് അവതരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇന്ത്യയുടെ ചരിത്രത്തിൽ ഒരു പൂർണസമയ വനിതാ ധനമന്ത്രി എന്ന പദവിയിൽ ഇരുന്ന് ബജറ്റ് അവതരിപ്പിക്കുന്നത് നിർമല സീതാരാമൻ മാത്രമാണ്.
3. ഏറ്റവും ദൈർഘ്യമേറിയ പ്രസംഗം
ഇന്ത്യൻ പാർലമെന്റ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗം എന്ന റിക്കാർഡ് നിലവിൽ നിർമല സീതാരാമന്റെ പേരിലാണ്. 2020 ഫെബ്രുവരി ഒന്നിന് രണ്ട് മണിക്കൂർ 42 മിനിറ്റ് നീണ്ട പ്രസംഗമാണ് അവർ നടത്തിയത്. ശാരീരിക അസ്വസ്ഥതകൾ മൂലം അവസാന രണ്ട് പേജുകൾ വായിക്കാതെയാണ് അന്ന് അവർ പ്രസംഗം അവസാനിപ്പിച്ചത്.
4. പാരമ്പര്യത്തിൽനിന്ന് മാറ്റത്തിലേക്ക്
ബ്രിട്ടീഷ് ഭരണകാലം മുതൽ തുടർന്നുപോന്ന പല കീഴ്വഴക്കങ്ങളും നിർമല സീതാരാമൻ തിരുത്തിക്കുറിച്ചു. ബജറ്റ് രേഖകൾ സൂക്ഷിക്കുന്ന 'ബ്രിട്ടീഷ് ബ്രീഫ്കേസിന്' പകരം ചുവന്ന തുണിയിൽ പൊതിഞ്ഞ 'ബഹി ഖാത' (Bahi Khata) കൊണ്ടുവന്നതും പിന്നീട് അത് പൂർണമായും ഡിജിറ്റൽ രൂപത്തിലാക്കി ടാബ്ലറ്റിൽ അവതരിപ്പിച്ചു തുടങ്ങിയതും ഇവരുടെ കാലത്താണ്.
National
ന്യൂഡൽഹി: കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ തുടർച്ചയായ ഒമ്പതാമത്തെ ബജറ്റ് ഫെബ്രുവരി ഒന്നിനു അവതരിപ്പിക്കും. സാന്പത്തിക വളർച്ചയെ ത്വരിതപ്പെടുത്തുന്ന തരത്തിലുള്ള പദ്ധതികൾ ഇത്തവണത്തെ ബജറ്റിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ ബജറ്റ് അവതരണത്തോടെ, മുൻ പ്രധാന മന്ത്രി മോറാർജി ദേശായി വിവിധ കാലഘട്ടങ്ങളിലായി അവതരിപ്പിച്ച 10 ബജറ്റുകൾ എന്ന റിക്കാർഡുകൾക്കൊപ്പം നിർമല സീതാരാമൻ എത്തും. മൊറാർജി ദേശായി തന്റെ ഔദ്യോഗിക ധനമന്ത്രിയായിരുന്ന 1959-1964 കാലഘട്ടത്തിൽ ആറു ബജറ്റുകളും 1967- 1969 നാലു ബജറ്റുകളും അവതരിപ്പിച്ചിരുന്നു.
വിവിധ പ്രധാനമന്ത്രിമാരുടെ ഭരണകാലയളവിൽ മുൻ ധനമന്ത്രിമാരായ പി. ചിദംബരം ഒൻപത് തവണയും പ്രണബ് മുഖർജി എട്ട് തവണയും ബജറ്റുകൾ അവതരിപ്പിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണകാലയളവിൽ തുടർച്ചയായി ഒന്‍പതു തവണ ബജറ്റുകൾ അവതരിപ്പിച്ച്, ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച റിക്കാർഡും നിർമല സീതാരാമനു സ്വന്തമാണ്.
2019 ൽ പ്രധാന മന്ത്രി നരേന്ദ്ര മോദി രണ്ടാം തവണ അധികാരത്തിലെറിയപ്പോഴാണ് ഇന്ത്യയുടെ ആദ്യത്തെ സമ്പൂർണ വനിതാ ധനമന്ത്രിയായി അവർ നിയമിതയായത്.
2024-ൽ മോദി സർക്കാർ മൂന്നാം തവണയും അധികാരത്തിൽ വന്നപ്പോൾ, നിർമല സീതാരാമൻ തന്നെ ധനമന്ത്രി സ്ഥാനത്ത് തുടരുകയായിരുന്നു. 2024 ഫെബ്രുവരിയിലെ ഇടക്കാല ബജറ്റ് ഉൾപ്പെടെ, ഇതുവരെ തുടർച്ചയായി എട്ട് ബജറ്റുകളാണ് നിർമല സീതാരാമൻ അവതരിപ്പിച്ചത്.
2020 ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച ബജറ്റ് രണ്ട് മണിക്കൂറും 40 മിനിറ്റും നീണ്ടുനിന്നു. അങ്ങനെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗം എന്ന റിക്കാർഡ് നിർമല സീതാരാമൻ സ്വന്തമാക്കി. അന്ന് പ്രസംഗം പൂർത്തിയാക്കാൻ രണ്ട് പേജുകൾ കൂടി ബാക്കിയുണ്ടായിരുന്നെങ്കിലും അവ വായിക്കാതെ അവസാനിപ്പിക്കുകയായിരുന്നു.
1977-ൽ ഹിരുഭായ് മുൾജിഭായ് പട്ടേൽ നടത്തിയ ഇടക്കാല ബജറ്റ് പ്രസംഗമാണ് ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും ഹ്രസ്വമായ ബജറ്റ് അവതരണം. വെറും 800 വാക്കുകൾ മാത്രമായിരുന്നു ആ പ്രസംഗത്തിലുണ്ടായിരുന്നത്.
Leader Page
ഈ വർഷം നിർമല സീതാരാമന്റെ ബജറ്റ് അവതരണത്തിന് ഒരു ചരിത്രപ്രാധാന്യമുണ്ട്. ഞായറാഴ്ച അവതരിപ്പിക്കുന്ന ആദ്യത്തെ ഇന്ത്യൻ ബജറ്റ്. ബുദ്ധപൂർണിമ പ്രമാണിച്ചു നിയന്ത്രിത അവധിയുമാണ് ഈ ഞായറാഴ്ച. എന്നിട്ടും വാശിയോടെ ഫെബ്രുവരി ഒന്നിനുതന്നെ ബജറ്റ് അവതരിപ്പിക്കുന്നു. എന്തുവന്നാലും ബജറ്റ് അവതരണം നിർദിഷ്ട തീയതിയിൽത്തന്നെ നടത്തുമെന്ന ഉറച്ച പ്രഖ്യാപനം. സാമ്പത്തിക കാര്യങ്ങളിലെ വിപണിസൗഹൃദ നിലപാടിൽ വിട്ടുവീഴ്ചയില്ല എന്നു കാണിക്കുകയാണെന്നു കരുതാം. (ഞായർ അവധി ഇല്ലാതാക്കാനുള്ള ശ്രമമെന്ന് ആരും കുറ്റപ്പെടുത്തി കേട്ടില്ല).
തുടർച്ചയായ ഒൻപതാം ബജറ്റ് അവതരിപ്പിച്ചു റിക്കാർഡ് ബുക്കിൽ സ്ഥാനക്കാരിയാകുകയാണ് ഈ വർഷം നിർമല. (ഏറ്റവും കൂടുതൽ - പത്ത് - ബജറ്റുകളുടെ റിക്കാർഡ് മൊറാർജി ദേശായിക്കാണ്).
ഇളവ് പ്രതീക്ഷിക്കേണ്ട
മന്ത്രി റിക്കാർഡ് കുറിക്കുന്നതിന്റെ പേരിൽ നികുതിദായകർ പ്രത്യേക സമ്മാനമോ ആനുകൂല്യമോ പ്രതീക്ഷിക്കേണ്ടതില്ല. കാരണം, ഇക്കൊല്ലം വരുമാനം ബജറ്റിൽ കണക്കാക്കിയതിലും കുറവാകും.
കഴിഞ്ഞ വർഷം ആദായനികുതിയിൽ വലിയ ഇളവ് നൽകിയതാണ്. പുതിയ നികുതിക്രമം സ്വീകരിച്ചവർക്ക് 12 ലക്ഷം രൂപ (ശമ്പള വരുമാനക്കാർക്ക് 12.75 ലക്ഷം രൂപ) വരെ നികുതി ഒഴിവാക്കി. അതിനാൽ ഇക്കൊല്ലം ഇളവ് പ്രതീക്ഷ വേണ്ട.
ബാങ്ക് നിക്ഷേപങ്ങളുടെ പലിശയ്ക്കുള്ള നികുതിയിൽ ഒഴിവുപരിധി കൂട്ടാൻ ബാങ്കുകൾ സമ്മർദം ചെലുത്തുന്നുണ്ട്. ബാങ്കുകളിൽ നിക്ഷേപവർധന കുറയുന്ന സാഹചര്യത്തിൽ ഇതു പരിഗണിച്ചേക്കാം.
ചരക്കു-സേവന നികുതി(ജിഎസ്ടി)യിൽ വലിയ ഇളവ് ഏതാനും മാസം മുൻപാണു പ്രഖ്യാപിച്ചത്. രാജ്യാന്തര സംഘർഷങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഇന്ധന നികുതി കുറയ്ക്കലും ആലോചിച്ചെന്നു വരില്ല.
നികുതിവരവ് കുറയുന്നു
ഈ മാർച്ച് 31ന് അവസാനിക്കുന്ന ധനകാര്യവർഷം ബജറ്റിൽ പ്രതീക്ഷിച്ചത്ര നികുതിവരുമാനം ലഭിക്കാനിടയില്ല. രാജ്യത്തെ ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദനം) കണക്കാക്കിയത്ര വളരാത്തതാണു കാരണം. നടപ്പുവിലയിൽ 10.1 ശതമാനം വളരുമെന്നു കരുതി. എട്ടു ശതമാനമേ വളരൂ എന്നാണ് നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് ഇപ്പോൾ പറയുന്നത്.
വളർച്ച കുറഞ്ഞതുമൂലം പ്രത്യക്ഷനികുതിയിൽ കുറവ് വരും. വ്യക്തികളുടെയും കമ്പനികളുടെയും ആദായനികുതിയും ഓഹരി കൈമാറ്റ നികുതി(എസ്ടിടി)യുമാണ് പ്രത്യക്ഷ നികുതികൾ. 12.7 ശതമാനം വർധിച്ച് 25.20 ലക്ഷം കോടി രൂപ കിട്ടുമെന്നു ബജറ്റ് കണക്കാക്കി. ജനുവരി 11 വരെ കിട്ടിയത് 18.38 ലക്ഷം കോടി രൂപ. വർധന 8.82 ശതമാനം മാത്രം. മൊത്തം പിരിവ് 4.4 ശതമാനമേ വർധിച്ചിരുന്നുള്ളൂ. റീഫണ്ടുകൾ കുറച്ചതു വഴിയാണ് അറ്റ വരുമാനം ഇത്രയെങ്കിലും എത്തിയത്. ധനകാര്യ വർഷം അവസാനിക്കുമ്പോൾ നികുതിപിരിവിൽ ഒന്നരലക്ഷം കോടി രൂപയുടെ കുറവ് വരാം എന്നാണ് വിദഗ്ധരുടെ നിഗമനം. സെപ്റ്റംബറിൽ ജിഎസ്ടി വെട്ടിക്കുറച്ചതു വഴി 40,000 കോടി രൂപയെങ്കിലും നഷ്ടം വരാം. കസ്റ്റംസ് ഡ്യൂട്ടി വരുമാനവും ഗണ്യമായി കുറയും.
ലാഭവീതം കൂടി
എന്നാൽ നികുതിയിതര വരുമാനത്തിലും പെട്രോളിയത്തിന്റെ എക്സൈസ് ഡ്യൂട്ടിയിലും വർധന ഉണ്ടാകും. റിസർവ് ബാങ്കിൽനിന്നുള്ള ലാഭവീതം ഗണ്യമായി കൂടി. ഇക്കൊല്ലം 2.69 ലക്ഷം കോടി ലഭിച്ചു. ബജറ്റ് പ്രതീക്ഷയേക്കാൾ കൂടുതലാണിത്. പൊതുമേഖലാ ബാങ്കുകളുടെ ലാഭവീതവും കൂടി. കഴിഞ്ഞ ഏപ്രിലിൽ ഡ്യൂട്ടി കൂട്ടിയത് പെട്രോളിയത്തിൽനിന്നുള്ള വരുമാനം വർധിപ്പിച്ചു. എന്നാൽ, നികുതിയിലെ കുറവ് പരിഹരിക്കാൻ ഇവ മതിയാകുകയില്ല.
ഓഹരിവിൽപനയിൽ കാര്യമായ പ്രതീക്ഷ വച്ചിരുന്നതാണ്. ഐഡിബിഐ ബാങ്ക് വിറ്റ് 30,000 കോടിയിലധികം രൂപ ഉണ്ടാക്കാം എന്നു കരുതി. പക്ഷേ, വിൽപന മാർച്ചിനകം നടക്കുമെന്ന സൂചനയില്ല. വേറെ അഞ്ച് ബാങ്കുകളുടെ കുറേ ഓഹരികൾ വിൽക്കാൻ തീരുമാനിച്ചതിൽ രണ്ടെണ്ണമേ നടന്നുളളൂ.
മൊത്തത്തിൽ വരവു കുറവാകും. സ്വാഭാവികമായും ചെലവു കുറയ്ക്കേണ്ടി വരും. മൂലധനച്ചെലവ് കുറയ്ക്കുകയില്ല എന്ന് മന്ത്രി പറയുന്നു. അപ്പോൾ മറ്റു ചെലവുകളിൽ കത്തി വയ്ക്കും.
പ്രതിരോധ വാങ്ങലുകൾ വൈകുന്നു
പ്രതിരോധ മേഖലയിൽ ഉദ്ദേശിച്ചത്ര മൂലധനച്ചെലവ് ഉണ്ടാകില്ല എന്നു വ്യക്തം. പ്രഖ്യാപനങ്ങൾ നിരന്തരം നടക്കുന്നുണ്ടെങ്കിലും ആയുധങ്ങളും വാഹനങ്ങളും ഉപകരണങ്ങളും വാങ്ങുന്നതു കുറവാണ്. കരാർ എടുത്ത കമ്പനികൾ യഥാസമയം നിർമിച്ചു നൽകാത്തത് ഒരു പ്രധാന കാരണമാണ്. ഇന്ത്യൻ കമ്പനികളും വിദേശകമ്പനികളും ഇക്കാര്യത്തിൽ ഒരുപോലെ പ്രശ്നക്കാരാണ്.
തേജസ് എംകെ1എ പോർവിമാനങ്ങൾ നൽകുന്നതിൽ ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് ലിമിറ്റഡും അതിന് എൻജിൻ നൽകേണ്ട അമേരിക്കൻ കമ്പനി ജനറൽ ഇലക്ട്രിക്കും വീഴ്ചവരുത്തുന്നു. വ്യോമസേനാ മേധാവി അമർ പ്രീത് സിംഗ് ഇതേപ്പറ്റി ഏതാനും മാസം മുൻപ് പരസ്യമായി വിമർശനം നടത്തിയിരുന്നു. ഇസ്രയേലിൽനിന്നുള്ള ഡ്രോണുകളും റഷ്യയിൽനിന്നുള്ള മിസൈൽ പ്രതിരോധ സംവിധാനം എസ് 400 ഉം കിട്ടുന്നതിലെ താമസത്തെപ്പറ്റി പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗും തുറന്നുപറയുകയുണ്ടായി. ഇസ്രയേലിൽനിന്നു കിട്ടേണ്ട ഡ്രോണുകൾ (ഹെറോൺ മാർക്ക് 2, ഹെർമസ് 900) വൈകുന്നത് മൂന്നു സേനാവിഭാഗങ്ങൾക്കും പ്രശ്നമാണ്. ഇവ അടക്കം ഓർഡർ ചെയ്ത സാധനങ്ങൾ യഥാസമയം കിട്ടാത്തതുമൂലം പ്രതിരോധ മൂലധന ബജറ്റ് മുഴുവനായി ഉപയോഗിക്കില്ല. അതു ധനമന്ത്രിക്ക് സഹായമാകാം. 1.8 ലക്ഷം കോടി രൂപയാണ് ഈ വർഷം ബജറ്റിൽ പ്രതിരോധ മൂലധനച്ചെലവായി നീക്കിവച്ചത്. ആറു മാസം പിന്നിട്ടപ്പോൾ 51 ശതമാനം തുക വിനിയോഗിച്ചിരുന്നു.
മൂലധനനിക്ഷേപം വരുന്നില്ല
ബജറ്റ് നേരിടുന്ന ഏറ്റവും വലിയ വിഷയം രാജ്യത്തെ വ്യവസായ നിക്ഷേപം വർധിപ്പിക്കലാണ്. ഫാക്ടറി ഉത്പാദനം വർധിപ്പിക്കാൻ ആരംഭിച്ച പിഎൽഐ (ഉത്പാദന ബന്ധിത പ്രോത്സാഹനം) സ്കീം പോലുള്ളവ ഉദ്ദേശിച്ചത്ര വിജയം നേടിയിട്ടില്ല. ചൈനയിൽനിന്നും മറ്റും ഇന്ത്യയിലേക്കു ഫാക്ടറികൾ പറിച്ചുനടും എന്ന പ്രതീക്ഷ ഡോണൾഡ് ട്രംപിന്റെ നയങ്ങൾ മൂലം ഇല്ലാതായി. ചൈനയിൽനിന്ന് മാറുന്ന കമ്പനികൾ വിയറ്റ്നാമിലും ഇന്തോനേഷ്യയിലും മറ്റുമാണു ചെല്ലുന്നത്. ട്രംപിന്റെ തീരുവ ആക്രമണം ഇന്ത്യയിലെ കയറ്റുമതി വ്യവസായികളുടെ കണക്കുകൂട്ടലുകൾ മുഴുവൻ തെറ്റിച്ചു.
ഗവൺമെന്റ് മൂലധനമിറക്കി അടിസ്ഥാന സൗകര്യങ്ങൾ (റോഡ്, റെയിൽവേ, തുറമുഖങ്ങൾ) ഒരുക്കിയാൽ സ്വകാര്യമേഖല മൂലധന നിക്ഷേപം നടത്തി വ്യവസായം വളർത്തും എന്നായിരുന്നു പ്രതീക്ഷ. കോവിഡനന്തര കാലത്ത് അടിസ്ഥാനസൗകര്യ മേഖലയിൽ വലിയ നിക്ഷേപം സർക്കാർ നടത്തി. പക്ഷേ, സ്വകാര്യമേഖല ഒന്നും ചെയ്തില്ല. ജനങ്ങളുടെ ഉപഭോഗം കൂടിയാൽ കമ്പനികൾ മുതൽമുടക്കും എന്ന് പലരും പറഞ്ഞു. ഉപഭോഗം വർധിച്ചു, ജിഎസ്ടി കുറച്ചത് വീണ്ടും ഉപഭോഗം കൂട്ടി. പക്ഷേ മുലധനനിക്ഷേപം വർധിച്ചില്ല.
ഇനി നിർമല സീതാരാമൻ എന്തു ചെയ്യും? ഞായറാഴ്ച അതിനുള്ള ഉത്തരം ലഭിക്കും എന്നു കരുതാം.
(തുടരും)